ചരിത്രം
ഗവൺമെന്റ് നേഴ്‌സിങ് കോളേജ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്താണ്. തിരുമല ദേവസ്വം ഗവൺമെന്റിന് നൽകിയ മെഡിക്കൽ കോളേജ് കാമ്പസ്സിലാണ് നഴ്‌സിങ്ങ് കോളേജിന്റെ പ്രവർത്തനം. 2006 ഡിസംബർ 4 നാണ് ഔദ്യോഗികമായ തുടക്കം. കോളേജിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 2007 ജനുവരി 21 നടന്നു. ഡോ.ശ്രീകുമാരി. ഡി. ആണ് കോളേജിന്റെ ആദ്യ പ്രിൻസിപ്പലായി ചുമതല നിർവഹിച്ചത്.
ബി.എസ്.സി നഴ്‌സിങ്ങിന്റെ ആദ്യ ബാച്ച് 60 നഴ്‌സിംഗ് വിദ്യാർത്ഥികളോടൊപ്പം 2007 ജനുവരി 23 ന് ആരംഭിച്ചു. ഒരു അദ്ധ്യയന വർഷത്തിൽ കോളേജിൽ 4 ബാച്ച് ബി.എസ്.സി നഴ്‌സിങ്ങ് വിദ്യാർത്ഥികളും ഒരു കൂട്ടം സന്നദ്ധ സേവനം ചെയ്യുന്ന ബി.എസ്.സി നഴ്‌സിങ്ങ് വിദ്യാർത്ഥികളും ഉണ്ടാകും.

ബിരുദാനന്തര ബിരുദം 2010 സെപ്റ്റംബർ 28 ന് ആരംഭിച്ചു. മെഡിക്കൽ സർജിക്കൽ നഴ്‌സിങ്ങ്, ചൈൽഡ് ഹെൽത്ത് നഴ്‌സിങ്ങ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ നഴ്‌സിങ്ങ്, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിങ്ങ് എന്നീ നാല് സ്‌പെഷ്യാലിറ്റികൾ ആണ് ഉണ്ടായിരുന്നത്. സീറ്റുകളുടെ വിഭജനം ഇപ്രകാരമാണ്.
മെഡിക്കൽ സർജിക്കൽ നഴ്‌സിങ്ങ് – 6 സീറ്റ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ നഴ്‌സിങ്ങ് – 6 സീറ്റ്, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിങ്ങ് – 5 സീറ്റ്, ചൈൽഡ് ഹെൽത്ത് നഴ്‌സിങ്ങ് – 5 സീറ്റ്, ഇപ്രകാരം ആകെ 22 സീറ്റുകളിലേക്കാണ് വാർഷിക പ്രവേശനം.
2019 ൽ ഗവേഷണ കേന്ദ്രമായി കോളേജിന് അംഗീകാരം ലഭിച്ചു. തൃശൂരിലെ കേരള ആരോഗ്യ ശാസ്ര്ത സർവ്വകലാശാലയുടെ കീഴിലാണ് ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്നത്.
2006 മുതൽ 2009 വരെ കേരള സർവകലാശാലയുമായി ആലപ്പുഴ ഗവ. നഴ്‌സിങ്ങ് കോളേജ് അഫിലിയേറ്റ് ചെയ്തിരുന്നു. 2010 മുതൽ തൃശൂരിലെ കേരള ആരോഗ്യ ശാസ്ര്ത സർവകലശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. കേരള നഴ്‌സസ് മിഡ് വൈവ്‌സ് കൗൺസിലും ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലും ആലപ്പുഴ ഗവ. നഴ്‌സിങ്ങ് കോളേജിനെ അംഗീകരിക്കുന്നു.
ഉന്നത യോഗ്യതയും പരിചയസമ്പന്നരുമായ അദ്ധ്യാപകരുടെ ശിക്ഷണത്താൽ ഈ നഴ്‌സിംഗ് സ്ഥാപനം വിദ്യാഭ്യാസത്തിൽ നിരുപമായ പരിശീലനം കാഴ്ച വെക്കുന്നു.
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയുമായി ഗവ. നേഴ്‌സിങ്ങ്‌കോളേജ് അനുബന്ധിച്ചിരിക്കുന്നതിനാൽ ബിരുദ-ബിരുദാനന്തര നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനത്തിനുള്ള സൗകര്യവും ലഭ്യമാകുന്നു. പഠനാനുബന്ധമായ മികച്ച തൊഴിൽ പരിശീലനം വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കാൻ ഗവ. നേഴ്‌സിങ്ങ് കോളേജ് സഹായിക്കുന്നു.